Monday, 27 June 2011

മനോരോഗികള്‍ രമിക്കുന്ന മനോരമ


........"മനോരോഗികള്‍ രമിക്കുന്ന മനോരമ""......... 2004 ആഗസ്റ്റിലാണ് മനോരമയുടെ ദില്ലി എഡിഷന്‍ ആരംഭിച്ചത്. ഇതേസംബന്ധിച്ച് ആഗസ്റ്റ് 18ന് എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്. D. Vijay Mohan will head ...the Delhi editorial operations. മനോരമയുടെ ചരിത്രം അറിയാവുന്നവര്‍ editorial operations എന്ന പ്രയോഗത്തെ 'എഡിറ്റോറിയല്‍ ഉപജാപങ്ങള്‍' എന്നാണ് വിവര്‍ത്തനം ചെയ്യുക. വായനക്കാരുടെ കണ്ണില്‍ മണ്ണെറിയാനും തലച്ചോറില്‍ വിഷം തളിക്കാനും കൂട്ടത്തിലേറ്റവും സമര്‍ത്ഥനെയാണ് രാഷ്ട്രതലസ്ഥാനത്ത് പയറ്റാനിറങ്ങുമ്പോള്‍ കണ്ടത്തില്‍ കുടുംബം നിയോഗിച്ചത്. ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും പ്രത്യേകം പരിശോധിച്ചുറപ്പു വരുത്തിയിട്ടുമുണ്ടാകും. വിശ്വസ്തസേവകന്റെ യജമാനസ്‌നേഹം ആറുകോളത്തില്‍ വഴിഞ്ഞൊഴുകുന്ന കാഴ്ച 2011 മാര്‍ച്ച് 5ന്റെ മനോരമയിലുണ്ട്. പിറവി മുതലിന്നേവരെ മനോരമയുടെ താളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നുണകളുടെ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുകയാണ് ഈ ഒന്നാം പേജ്. മാസ്റ്റ് ഹെഡിനു താഴെ, "കളളം പറയുന്നതാര് "എന്ന ചോദ്യത്തിനു കീഴെ പെരുങ്കളളം അച്ചടിച്ചു വെയ്ക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന ബഹുമതിയാണ് സാക്ഷാല്‍ ഡി. വിജയമോഹനെ കാത്തിരിക്കുന്നത്. ചിത്രം നോക്കുക. എത്ര വാചാലമായ ചോദ്യം. പ്രധാനമന്ത്രി പറയുന്നത് കളളം എന്ന വിഎസിന്റെ ആരോപണത്തെ പ്രതിരോധിക്കുക എന്ന യജമാനദൗത്യമാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, ദൗത്യനിര്‍വഹണത്തിനിറങ്ങിയ ഡി. വിജയമോഹന്റെ കൈയിലെ ആയുധമോ, ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ തകര്‍ന്നു വീഴുന്ന പച്ചക്കളളവും. അടിവരയിട്ട വാചകങ്ങള്‍ ശ്രദ്ധിക്കുക. ദില്ലി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ആറാം വകുപ്പ് പറയുന്നത് ഇതു തന്നെയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. നിയമം പറയുന്നത് ഇങ്ങനെയാണ് : 6. Consent of State Government to exercise of powers and jurisdiction. _ Nothing contained in section 5 shall be deemed to enable any member of the Delhi Special Police Establishment to exercise powers and jurisdiction in any area in 5[a State not being a Union Territory or railways area], Without the consent of the Government of that State. സംസ്ഥാനം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐയ്ക്കു കൈമാറണം എന്ന വ്യവസ്ഥ നിയമത്തില്‍ എവിടെയുമില്ല. ഫെബ്രുവരി 26ന്റെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ വിഎസ് ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയായിരുന്നു: "സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ കത്തയച്ചത് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കൂടി ചുമതലയുളള ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കാണ്. ആ കത്തയച്ചത് 2010 ഡിസംബര്‍ 23നാണ്. പ്രസ്തുത കത്തില്‍ ഇത് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ആറാം വകുപ്പു പ്രകാരമുളള സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയായി കണക്കാക്കണം എന്ന് വ്യക്തമാക്കിയിരുന്നു. ഇനി സിബിഐ അന്വേഷണം ആരംഭിക്കാന്‍ എന്താണ് തടസം? കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ആക്ടിന്റെ അഞ്ചാം വകുപ്പു പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നു എന്ന് സിബിഐയെ അറിയിക്കണം. അത്രമാത്രം മതി" ഇതു പറയുക മാത്രമല്ല വിഎസ് ചെയ്തത്. 1946ലെ ദില്ലി പോലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പത്രലേഖകര്‍ക്കു വിതരണം ചെയ്യുകയും ചെയ്തു. ആക്ടിലെ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നോ പാലിക്കുന്നില്ലെന്നോ വിമര്‍ശനമോ ആരോപണമോ വ്യാഖ്യാനമോ പ്രസിദ്ധീകരിക്കുമ്പോള്‍, ആക്ടിലെ ബന്ധപ്പെട്ട ഭാഗം ഉദ്ധരിക്കുക എന്നതാണ് മര്യദ. മന്‍മോഹന്‍സിംഗും ചിദംബരവും പറയുന്നതാണോ കേരള മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്ന് അറിയണമെങ്കില്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വായിച്ചു നോക്കുക മാത്രമാണ് പോംവഴി. തര്‍ക്കം ഉണ്ടായ സ്ഥിതിയ്ക്ക് ആരാണ് ശരിയെന്നറിയാല്‍ സാധാരണക്കാരന്‍ പോലും അതു തന്നെയാണ് ചെയ്യുക. പക്ഷേ, മാധ്യമ പ്രവര്‍ത്തനം ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി കണ്ടത്തില്‍ കുടുംബം ഏല്‍പ്പിച്ച ക്വട്ടേഷന്‍ പണിയാണ് എന്നു വിശ്വസിക്കുന്ന വിജയമോഹനെപ്പോലുളളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ല. യജമാന കല്‍പ്പനകളില്‍ അച്ചടി മഷി തളിക്കുക മാത്രമാണ് അവരുടെ നിയോഗം. ശമ്പളവും അലവന്‍സുകളും അതിനാണ് നല്‍കുന്നത്. ചിന്തിക്കുക, അന്വേഷിക്കുക തുടങ്ങിയ വാക്കുകള്‍ ഓര്‍ക്കാനുളള അവകാശം പോലും അവര്‍ക്കില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോടു കല്‍പ്പിക്കാനും മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനും പ്രത്യേക അവകാശാധികാരങ്ങളൊന്നുമില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കീഴേ വീട്ടുകാരനല്ല, വി. എസ് അച്യുതാനന്ദന്‍. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആവശ്യം നിയമപ്രകാരമല്ലെങ്കില്‍, ആ നിയമം ചൂണ്ടിക്കാട്ടിയാണ് അതനുസരിക്കാന്‍ ആവശ്യപ്പെടേണ്ടത്. നിയമത്തിന് തങ്ങളുടെ ഓഫീസുകള്‍ ചമയ്ക്കുന്ന വ്യാഖ്യാനം വിഎസ് അനുസരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്‍മോഹന്‍ - ചിദംബരം പ്രഭൃതികളുടെ ധാര്‍ഷ്ട്യം വിഎസിനും കേരളസര്‍ക്കാരിനും മുന്നില്‍ ചെലവാകുമെന്ന് അവരോ മനോരമയിലെ യജമാനഭക്തരോ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നെല്ലിക്കാത്തളം ഏര്‍പ്പാടാക്കേണ്ടതുണ്ട്. തന്നിഷ്ടത്തിനു നിയമം വ്യാഖ്യാനിക്കുന്ന ഒരു തോന്നിയവാസിയുടെ നിലവാരമേ മന്‍മോഹന്‍ സിംഗിനുളളൂ എന്നു തിരിച്ചറിയാന്‍ വിജയമോഹന്റെ വാര്‍ത്ത ധാരാളം. താഴെ പറയുന്ന ഭാഗം വായിക്കുക : ആക്ടില്‍ പറയുന്നത് ഇങ്ങനെ... 5. Extension of powers and jurisdiction of special police establishment to other areas- (1) The Central Government may by order extend to any area (including Railways areas), 1[in 2[a State, not being a Union territory]] the powers and jurisdiction of member of the Delhi Special Police Establishment for the investigation of any offences or classes of offences specified in notification under section 3. വിഎസ് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുത്തരവ് ഇറക്കുകയേ വേണ്ടൂ, സാന്റിയാഗോ മാര്‍ട്ടിനും സംഘവും കൊല്ലങ്ങളായി നിര്‍ബാധം തുടരുന്ന നിയമലംഘനം കയ്യടക്കിയ ഭീമമായ സമ്പത്തിനെക്കുറിച്ചും അതിനൊത്താശ ചെയ്ത അധികാര കേന്ദ്രങ്ങളെക്കുറിച്ചും സിബിഐ അന്വേഷണം നടത്താന്‍. അത്തരമൊരന്വേഷണം ഒരിക്കലും നടത്താന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി 2004 മുതല്‍ കേരളം കാണുന്നതാണ്. ലോട്ടറി മാഫിയയ്ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളിലുളള സ്വാധീനം തന്നെയാണ് ആ പിടിവാശിയുടെ അടിസ്ഥാനകാരണമെന്നും എത്രയോ കാലം മുമ്പേ വെളിപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ നന്നായി അറിയാവുന്നവരുടെ മുന്നില്‍ വിജയമോഹന്‍ വക വേറൊരു വ്യാഖ്യാനം നോക്കുക: ല്ലിയിലെ എഡിറ്റോറിയല്‍ ഓപ്പറേഷന്‍ ചുമതലയുളള വിദഗ്ധന് വെറുമൊരു കൂട്ടിക്കൊടുപ്പുകാരന്റെ നിലവാരമേയുളളൂവെന്ന് തെളിയിക്കുന്നു, ഈ വാചകങ്ങള്‍. ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയെയും കണ്ടത്തില്‍ കുടുംബത്തെയും വല്ലാതെ അങ്കലാപ്പിലാക്കിയിരുന്നു. ആരോപണങ്ങളെന്ന മട്ടില്‍ യുഡിഎഫുകാര്‍ തനിക്കെതിരെ പറഞ്ഞ ജല്‍പനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന പത്രസമ്മേളനമാണ് വിഎസ് നടത്തിയത്. രേഖകള്‍ ഹാജരാക്കിയും നിയമവ്യവസ്ഥ ഉദ്ധരിച്ചും വിഎസ് കത്തിക്കയറിയപ്പോള്‍ തിരുവനന്തപുരം മനോരമയിലെ ഉമ്മന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ സംഘം പ്രതികരിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന്റെ വ്യവസ്ഥകള്‍ അവരുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞാണ് വിഎസ് വെല്ലുവിളിച്ചത്. വിഎസിന്റെ പ്രകടനത്തിനു മുന്നില്‍ സോമനാഥും സുജിത് നായരും ജി. വിനോദുമടങ്ങുന്ന കൂലിപ്പട സ്തംഭിച്ചു പോയപ്പോള്‍ ദില്ലിയില്‍ നിന്നൊരാളെ നേരിട്ടിറക്കുമതി ചെയ്തു, കണ്ടത്തില്‍ ഫാമിലി. നിയമം ഒരുവഴിക്കും വ്യാഖ്യാനം വേറൊരു വഴിക്കും പോകുമ്പോള്‍ അതിന്റെ കാരണങ്ങളാണ് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണകൗതുകത്തെ ജ്വലിപ്പിക്കേണ്ടത്. സത്യാന്വേഷണത്തിന്റെ അതിസാഹസികമായ വഴികളില്‍ അയാള്‍ക്ക് വെളിച്ചമാകുന്നത് ആ ജ്വാലയില്‍ നിന്നും ചിതറുന്ന പ്രകാശരശ്മികളാണ്. പക്ഷേ, കറുത്ത തൂവാല കൊണ്ട് കണ്ണു മൂടിക്കെട്ടി കണ്ടത്തില്‍ കുടുംബം കളത്തിലിറക്കിയ വിജയമോഹനെപ്പോലുളളവര്‍ക്ക് ആ കാഴ്ചകള്‍ ഈ ജന്മം വിലക്കപ്പെട്ടതു തന്നെയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം തോന്നുംപോലെ വ്യഖ്യാനിച്ച മന്‍മോഹന്‍സിംഗിന്റെ കത്ത് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലോട്ടറി മാഫിയയുടെ മാത്രമല്ല, അവരെ സംരക്ഷിക്കുന്ന ചിദംബരത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ചങ്കു പിളര്‍ക്കുന്നതാണ്. ഈ ഹര്‍ജിയെ സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം സുപ്രധാനമായ ഒരു സുപ്രിംകോടതി വിധി ഹാജരാക്കിയിട്ടുണ്ട്. സിഎ 3088/2004 എന്ന കേസില്‍ 2010 മാര്‍ച്ച് 11ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചതാണ് ആ വിധി. ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് കേരളം തുടര്‍ച്ചയായി നല്‍കിയ റിപ്പോര്‍ട്ടുകളും ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു, ഈ ഇടക്കാല വിധി. അതിങ്ങനെയായിരുന്നു: The Union of India is the authority to take appropriate action regarding these type of draw of lotteries in violations of Section 4 of Lotteries (Regulation) Act, 1998. The Union of India may examine the grievances raised in this respect. ഈ സുപ്രിംകോടതി വിധിയടക്കം എണ്ണമറ്റ തെളിവുകള്‍ കേരള ഹൈക്കോടതിയുടെ മുന്നില്‍ കേരളസര്‍ക്കാര്‍ നിരത്തിയിട്ടുണ്ട്. സംസ്ഥാന ഭരണത്തലവനും കേരള ഹൈക്കോടതിയും സുപ്രിംകോടതി തന്നെയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലോട്ടറി മാഫിയയ്‌ക്കെതിരെ അന്വേഷണം നടത്താത്ത കേന്ദ്രസര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയാണ് പ്രധാനമന്ത്രിയുടെ കത്തില്‍ തെളിയുന്നത് എന്നാണ് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമത്തിന് മന്‍മോഹന്‍ സിംഗു മുതല്‍ ഉമ്മന്‍ചാണ്ടിയും സതീശനും വരെയുളളവര്‍ തട്ടിവിടുന്ന വ്യാഖ്യാനങ്ങളല്ല, കോടതികള്‍ ആധാരമാക്കുന്നത്. കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ ടീം കെട്ടിച്ചമയ്ക്കുന്ന വ്യാഖ്യാനങ്ങളുടെ അവസ്ഥയും അതു തന്നെയാണ്. കല്ലും നെല്ലും ഇവിടെ തിരിയുക തന്നെ ചെയ്യും. ഇതൊക്കെ കൊണ്ടാണ് മാര്‍ച്ച് 5ന്റെ മനോരമയുടെ ഒന്നാം പേജ് ചരിത്രത്തിലിടം നേടുന്നത്. ഇതിനും മുമ്പും മനോരമ പെരുങ്കളളങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈലൈന്‍ വെച്ചും വെയ്ക്കാതെയും യജമാനഭക്തി പ്രകടിപ്പിക്കുന്ന സുസജ്ജമായ ടീം എല്ലാ എഡിഷനുകളിലും കണ്ടത്തില്‍ കുടുംബത്തിനു വേണ്ടി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട്. നുണയെഴുത്തിന്റെ പാപപങ്കിലമായ ചരിത്രത്തില്‍ വിജയമോഹന്‍ സമര്‍പ്പിച്ച മാര്‍ച്ചിലെ ഒന്നാം പേജ് വേറിട്ടു തന്നെ നില്‍ക്കും. മാസ്റ്റ് ഹെഡിനു താഴെ, കളളം പറയുന്നതാര് എന്ന തലക്കെട്ടെഴുതി നുണയച്ചടിക്കാനുളള തൊലിക്കട്ടി മനോരമയ്ക്കും അതിലെ യജമാനഭക്തര്‍ക്കും ആയിക്കഴിഞ്ഞുവെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസമാണ് 2011മാര്‍ച്ച് 5. "യജമാനസ്‌നേഹം മനോരോഗമായി മൂര്‍ച്ഛിക്കുമ്പോള്‍ പത്രത്താളുകള്‍ ഇങ്ങനെയാണ് ചരിത്രം സൃഷ്ടിക്കുന്നത്."See more

No comments:

Post a Comment